Friday 10 February 2012

ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്‍ക്ക് ട.ഘ.ഋ. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്‍ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്‍ഷങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്‍ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്‍ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്‍സ് മെഡിക്കല്‍കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ ഠ.ഇ അഥവാ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നി, ഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്‍പക്കത്തു ചെന്നനേ്വഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ 'ഇന്ദുലേഖയുടെ അപ്പന്‍ എഴുതുന്നു' എന്ന എന്റെ ആദ്യ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാല്പതുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്‍കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ വില 200 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്‍ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്‍ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളി' കെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേ, അപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേ, വീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്‍നിന്ന് പ്രതീക്ഷിക്കുന്നു. 'ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്‍നിന്നു പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 
സെന്റ് ജോണ്‍സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി താന്‍ ചില കര്‍ശനനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്‍ജെക്ഷനുകള്‍ അവള്‍ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്‍സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്‍ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്ത സമ്പത്തും ഞാന്‍ സമര്‍പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്‍ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്‍ച്ച ഞാന്‍ നേര്‍ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്‍ഗ്ഗീസും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!

1 comment:

  1. Why can't we read the comments and add comments - it discourages the reader who wants to know earnestly - no crabs. Sue "naranathu.." does appear every time - why so? Any comments or solutions?
    ismail

    ReplyDelete