Friday, 10 February 2012

             ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്‍ജെക്ഷനുകളാണ് അവള്‍ക്കു കൊടുത്തത്. അതിനുശേഷം ഠ.ഇ പരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്‍നിന്നു രക്ഷപെടണമെങ്കില്‍ ഠ.ഇ 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്‍ക്കു കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യമ്മച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്‍ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഡോക്ടര്‍ വിനീതാ, ഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്‍ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ ഠ.ഇ 6750 ആയെന്ന്.' ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്‍റ്റുവന്നു. അബദ്ധമൊന്നും പറ്റിയതല്ല. 

                 അങ്ങനെ ഒരു നേര്‍ച്ചനിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേ, ഒരു ചില്ലിക്കാശുപോലും പള്ളികള്‍ക്കു നേര്‍ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യസന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ. ഇതിലെ ചില ലേഖനങ്ങള്‍ ഞാന്‍ എഴുതിയത് ഇന്ദുലേഖയുടെ രോഗക്കിടക്കയ്ക്കു സമീപമിരുന്നാണ്. ഗുരുതരമായ ക്യാന്‍സര്‍രോഗം വന്ന് ഒരു മേജര്‍ ശസ്ത്രക്രിയയും കഴിഞ്ഞിരിക്കുന്ന എന്റെ ഒരു ബന്ധു പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഓര്‍ക്കുന്നു: 'എനിക്കിപ്പോള്‍ ധൈര്യമായി കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമര്‍ശിക്കാമല്ലോ. ഇതുവരെ ഞാന്‍ വിമര്‍ശിച്ചാല്‍ ആളുകള്‍ പറയുമായിരുന്നു, നിനക്കു രോഗങ്ങളും പ്രശ്‌നങ്ങളും ഇല്ലാത്തതിന്റെ അഹങ്കാരംകൊണ്ടാണെന്ന്.' അതുപോലെ എന്റെ കുഞ്ഞിന്റെ രോഗക്കിടക്കയ്ക്കു സമീപമിരുന്ന് എഴുതുമ്പോള്‍ എനിക്കെന്തഹങ്കാരം? വിമര്‍ശിക്കാനുള്ള എന്റെ അര്‍ഹത വര്‍ദ്ധിക്കുന്നതുപോലെ എനിക്കു തോന്നുന്നു. വിമര്‍ശനം ആത്മാര്‍ത്ഥമായിരിക്കണം. സത്യസന്ധമായിരിക്കണം. അതിന്റെ പുറകില്‍ ഉദ്ദേശ്യശുദ്ധിയുണ്ടായിരിക്കണം. ഇന്ദുലേഖയുടെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും അവള്‍ മരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും ഡോക്ടര്‍തന്നെ അവളോടു പലവട്ടം പറഞ്ഞു. അസാധാരണമായ മനസ്സാന്നിദ്ധ്യമാണ് അവള്‍ പ്രദര്‍ശിപ്പിച്ചത്. ദുസ്സഹമായ വേദനകളില്‍ മാത്രമേ അവള്‍ പതറിയുള്ളൂ. വേദനകളുടെ ഇടവേളകളില്‍ അവള്‍ ഈ പുസ്തകരചനയുടെ പുരോഗതിയെക്കുറിച്ച് എന്നോട് അനേ്വഷിക്കുമായിരുന്നു. രോഗക്കിടക്കയില്‍വെച്ചും അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാനിതൊക്കെ ഇവിടെ ഇത്രയുമേറെ വിസ്തരിച്ചത് മനപ്പൂര്‍വ്വമാണ്. ഒരുപക്ഷേ തന്റെ മരണക്കിടക്കയാണെന്നു വിചാരമുള്ളപ്പോഴും അവിടെക്കിടന്ന് എന്റെ 'മതനിന്ദയെയും' 'ദൈവനിന്ദ' യെയും കൈയയച്ചു പ്രോത്സാഹിപ്പിച്ച അവള്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല.

               പല കാരണങ്ങള്‍കൊണ്ടും ഈ പുസ്തകത്തിന്റെ സമര്‍പ്പണം അര്‍ഹിക്കുന്ന ഒരു ജഗജില്ലിയുണ്ട്. ഒരു കൊച്ചുകാന്താരി! ഇന്ദുലേഖയുടെ അനുജത്തി മാളൂട്ടി. ഇന്ദുലേഖ ഒരു പാവമാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഇവള്‍ പാവമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പാവമാകണമെന്ന് ഞാനൊട്ട് എന്റെ മക്കളെ ഉപദേശിക്കാറുമില്ല. അവര്‍ നല്ലവരായാല്‍ മതി. പാവങ്ങളെ എല്ലാവരും മുതലെടുക്കും. പാവങ്ങള്‍ക്ക് ഈ ലോകത്തിന് ഒരു നന്മയും ചെയ്യാന്‍ സാദ്ധ്യമല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതു ചതുരുപായങ്ങളും പഞ്ചതന്ത്രങ്ങളും പയറ്റി ജീവിക്കേണ്ട കപടസങ്കീര്‍ണ്ണ ലോകമാണ്. ഈ പുസ്തകത്തില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുള്ള ആശയങ്ങളൊക്കെ എന്റെ മക്കളോട് ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളവയാണ്. സത്യത്തില്‍ അവരോടുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് പല ആശയങ്ങളും എനിക്കു ലഭിച്ചത്. ഇന്ദുലേഖയെക്കാള്‍ കൊതിയാണ് മാളൂട്ടിക്ക് ചര്‍ച്ച ചെയ്യാന്‍. അവള്‍ ഇടയ്ക്കിടയ്‌ക്കെന്റെ അടുത്തുവരും. ''അപ്പാ, നമുക്കു ദൈവത്തെപ്പറ്റി ചര്‍ച്ചചെയ്യാം. മതത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം. രാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം'' എന്റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ വിതയ്ക്കാന്‍ അറയ്ക്കുന്ന ആശയബീജങ്ങള്‍ അന്യരുടെ കുഞ്ഞുങ്ങളുടെ ഉറയ്ക്കാത്ത മനസ്സില്‍ ഞാന്‍ വിതയ്ക്കരുതല്ലോ. വിനയന്റെ 'ഫോര്‍ ദി പീപ്പിള്‍' കണ്ട ദിവസം മുഴുവന്‍ അവള്‍ എനിക്കു ചെവിതല തന്നില്ല. ''അപ്പന്‍ നീതിയ്ക്കുവേണ്ടി പോരാടിയ വീരനല്ലേ? 'ഫോര്‍ ദി പീപ്പിളി'ലെ ചേട്ടന്മാര്‍ ചെയ്തതിലെന്താ തെറ്റ്?'' ഞാന്‍ പറഞ്ഞു: ''നമ്മളാരെയും കൊല്ലരുത്. ചോര കാണാന്‍ അപ്പനു ഭയമാണ്.'' ''അവര്‍ ആരെയും കൊന്നില്ലല്ലോ. കൊള്ളരുതാത്തവന്മാരുടെ കയ്യും കാലും വെട്ടുകയല്ലേ ചെയ്‌തൊള്ളൂ. നല്ല മനുഷ്യരെ ആരെയും അവര്‍ ഉപദ്രവിച്ചില്ലല്ലോ.'' ''എന്നാലും മോളേ, വാളെടുക്കുന്നവന്‍ വാളാലേ''. അവളുടെ തലമുറയെ ഇപ്പന്‍ ഭയപ്പെടുന്നു. നമ്മള്‍ സാവകാശമെങ്കിലും വളച്ചുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ ഒടിക്കും. തകര്‍ക്കും. തവിടുപൊടിയാക്കും. അവരെ ഭയമുള്ളതുകൊണ്ടാണ് ഇപ്പന്‍ ഇത്രയും ധൃതിയും പരവേശവും കാട്ടുന്നത്. എന്തെങ്കിലുമൊക്കെ ഉടനേ ചെയ്‌തേ മതിയാവൂ.

No comments:

Post a Comment