Thursday, 12 April 2012

ഓം ബനഡിക്റ്റച്ചായ നമ: - സമര്‍പ്പണം

സമര്‍പ്പണം

        
                  ദാ മാളൂട്ടി എന്നോട് പിന്നേം പിണങ്ങി. അടുത്ത പുസ്തകം അവള്‍ക്കു സമര്‍പ്പിച്ചേക്കാമെന്ന് ഞാന്‍ ആണയിട്ടിരുന്നതാണ്. പക്ഷെ എന്ത് ചെയ്യാം? പുസ്തകം എഴുതിക്കഴിയുമ്പോഴേക്കും ഏതെങ്കിലും ഒരു കിളവന്‍ കയറി വിലങ്ങി വീഴും. ഒന്നാമത്തെ പുസ്തകം സമര്‍പ്പിച്ചത് അന്ന് എണ്‍പത് പിന്നിട്ട എന്‍റെ അപ്പന്. രണ്ടാമത്തേത് അന്ന് എണ്‍പത്തഞ്ചു പിന്നിട്ട എന്‍റെ അമ്മാച്ചനായ ഗബ്രിയേല്‍ ബ്രദര്‍ അന്തോനിച്ചായന്. മൂന്നാമത്തെ ഈ പുസ്തകം ഞാന്‍ സമര്‍പ്പിച്ചു പോകുന്നത് ഏറ്റുമാനൂര്‍ക്കാരന്‍ ഒരു റിട്ടയേര്‍ഡു സബ് രജിസ്ട്രാര്‍ പി. കെ. മാത്യു സാറിനാണ്. സമര്‍പ്പിക്കുകയല്ല, സമര്‍പ്പിച്ചു പോവുകയാണ്. എങ്ങനെ സമര്‍പ്പിക്കാതിരിക്കും? എന്നെയും തോല്‍പ്പിക്കുന്ന ഒരു കളപറി ശീലന്‍ ! അങ്ങേരാണെങ്കില്‍ എണ്‍പതിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. യാതൊരു സംബന്ധവുമില്ലാത്ത ഈ കിഴവന്‍ എന്‍റെ ഹൃദയത്തില്‍ ഇടിച്ചു കയറിയതെങ്ങനെയെന്നോ? ഒറ്റ നോട്ടത്തില്‍ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ പാവത്താനാണെന്നേ തോന്നൂ. പക്ഷെ കാ‍ന്താരി മുളകാണ്. ഏറണാകുളത്തു വച്ച് മറ്റൊരു കിഴവന്‍ വക്കീലുമായി വിമോചന സമരത്തിന്‍റെ കാര്യം പറഞ്ഞു ഏറ്റുമുട്ടിയപ്പോഴാണ്‌ ഈ കിഴവന്‍റെ കലിപ്പും ശൌര്യവും ഞാന്‍ ശരിക്കും കണ്ടത്. അരവമെതിര്‍ത്തിടുകില്‍ പടം വിരിക്കും എന്ന് കാളിദാസന്‍ പറയുന്നു. പതുങ്ങിക്കിടക്കുന്ന പാമ്പ് ചവിട്ടു കൊള്ളുമ്പോഴാണ് പത്തി വിടര്‍ത്തി ശൌര്യം പ്രകടിപ്പിക്കുന്നത്. ഒരു ദിവസം കിഴവന്‍ ഒരു ലഘു ലേഖ എന്‍റെ കൈയില്‍ കൊണ്ടുവന്നു തന്നു. മനക്കേയന്‍ കുരിശിനെ സംബന്ധിച്ചുള്ളതായിരുന്നു. ഇങ്ങനെ ലഘു ലേഖകളെഴുതി വിതരണം ചെയ്തു കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിച്ചു ജീവിതം കഴിച്ചു കൂട്ടുന്നു.

            കിഴവന്‍ കൊള്ളാമല്ലോ എന്നും എനിക്ക് പറ്റിയ കമ്പനി ആണല്ലോ എന്നും ഞാന്‍ ഓര്‍ത്തു. എനിക്കിപ്പോള്‍ അമ്പതു വയസ്സായി. പക്ഷെ എന്‍റെ വിചാരം ഇപ്പോഴും 28 വയസ്സേ ഉള്ളൂ എന്നാണ്. അദ്ദേഹത്തിന്റെ വിചാരം താനിപ്പോഴും മധുരപ്പതിനെഴിലാണെന്നാണ്. തന്‍റെ ആരോഗ്യ രഹസ്യം അദ്ദേഹം എന്നോട് വിശദീകരിച്ചു. മാത്യൂ സാറിന്‍റെ വീക്നെസ് മാത്യൂസാണ്. ആഴ്ചയില്‍ രണ്ടു തവണ രണ്ടുകിലോ വീതം മുഴുത്ത നെയ്യ് മുറ്റിയ മാത്യൂസ് വാങ്ങി കറി വെക്കും. ഉച്ചക്കും വൈകിട്ടും തിളപ്പിക്കും. നാലാം ദിവസമാകുമ്പോഴേക്കും സൂപ്പര്‍ രുചിയായിരിക്കും എന്നാണ് മൂപ്പിലയുടെ കണ്ടെത്തല്‍. ചുരുക്കത്തില്‍ ദിവസേന സുമാര്‍ അരക്കിലോ മത്തി ശാപ്പിടും. ഹൃദയാലുവായ ഈ മൂപ്പീന്നിനു ഇതുവരെ ഹൃദ്രോഗം ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല, ഈയിടെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഞാനും മൂപ്പിലയും കൂടി ഒന്ന് നടക്കേണ്ടി വന്നു. വെടി കൊണ്ട പന്നിയെപ്പോലെ പായുന്ന ഈ പതിനേഴുകാരന്‍റെ പുറകെ ഇരുപത്തെട്ടുകാരനായ ഞാന്‍ അണച്ച് അണച്ച് ഓടേണ്ടി വന്നു. ഞാനും മത്തി മേടിച്ചു തുടങ്ങീട്ടുണ്ട്. കാന്തം ഇരുമ്പിനെ എന്ന പോലെ ഈ മൂപ്പില എന്നെ ആകര്‍ഷിച്ചു. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞു ഈ മൂപ്പിലയെപ്പോലെ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിച്ചു കഴിച്ചു കൂട്ടണമെന്നാണെന്‍റെ ആഗ്രഹം. ഞങ്ങളുടെ സഭാനവീകരണ പ്രസ്ഥാനത്തില്‍ മുക്കാലേ മുണ്ടാണിയും അമ്പതു പിന്നിട്ടവരാണ്‌. പെണ്ണ് കെട്ടാനുള്ള അത്യാര്‍ത്തി മൂലമാണ് ചോരത്തിളപ്പുള്ള ചെറു ബാല്യക്കാര്‍ അറച്ചു നില്‍ക്കുന്നതെന്ന് തോന്നുന്നു. ഞങ്ങള്‍ നവീകരണ പ്രസ്ഥാനക്കാര്‍ക്കോ അവരുടെ മക്കള്‍ക്കോ കല്യാണമുള്‍പ്പടെ ഒരു കൂദാശയ്ക്കും മുടക്കം നേരിടുന്നില്ല. അറിവില്ലാത്തവരെ വിരട്ടാമെന്നെയുള്ളൂ. മരിച്ചടക്കും കൂദാശകളും വിശ്വാസികളുടെ അവകാശമാണ്. പല അനുകൂല കോടതി വിധികളും ഇതിനോടകം വന്നിരിക്കുന്നു. ഇനി ആരുടെയെങ്കിലും കാര്യത്തില്‍ തടസ്സം നേരിട്ടാല്‍ ഞങ്ങളെ അറിയിച്ചാല്‍ മതി. ഞങ്ങളവിടെ പറന്നെത്തിയിരിക്കും. മാത്യൂ സാറിനെ ഞാന്‍ വായനക്കാര്‍ക്ക് വിശദമായി പരിചയപ്പെടുത്തുന്നത് മനപ്പൂര്‍വമാണ്‌. അച്ചന്മാരെ പേടിച്ചു ആസനത്തില്‍ വാലും തിരുകിയിരിക്കുന്ന ചോരത്തിളപ്പുള്ള ചെറുപ്പക്കാരെ അവരുടെ പേടിപ്പൊത്തില്‍  നിന്ന് പുകച്ചു പുറത്തു ചാടിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഈ ചുണയനായ എണ്‍പത് കാരന്‍റെ കഥ കേട്ട് അവര്‍ക്കൊക്കെ നാണം വെയ്ക്കട്ടെ. 

               മറിയക്കുട്ടി കൊലക്കേസ് തുടങ്ങിയ അന്ന് മുതല്‍ അതിന്‍റെ പിറകെ സത്യാന്വേഷകനായ മാത്യൂ സാറുമുണ്ട്. അന്നേ അദ്ദേഹം ആലപ്പുഴയിലും മന്ദമരുതിയിലും ഒക്കെപ്പോയി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ദീപികയും മനോരമയും ചര്‍ദ്ദിക്കുന്നതൊക്കെ തൊണ്ട തൊടാതെ വെട്ടിവിഴുങ്ങുകയാണല്ലോ ശരാശരി നസ്രാണി ചെയ്യുന്നത്. ചര്‍ദ്ദിയിലെ കറുത്ത പാട് പറഞ്ഞു പറഞ്ഞു പരന്നു കഴിയുമ്പോള്‍ കാക്കയായി മാറും. നമ്മുടെ ഗ്രാമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും എത്ര അതിശയോക്തി കലര്‍ന്നാണ് നമ്മുടെ ചെവിയിലെത്തുന്നതെന്നോ ? അപ്പോള്‍ പിന്നെ 17 ലക്ഷം പ്രതികളുള്ള ഒരു പത്രം കള്ളം മനപ്പൂര്‍വം പ്രചരിപ്പിക്കാന്‍ തുടങ്ങിയാലത്തെ അവസ്ഥ എന്താണ്? അത് കൊണ്ട് വാര്‍ത്തകള്‍ക്ക് പുറകെ പോലീസ് നായയെ പോലെ മണത്തു പായുന്ന മാത്യൂ സാറിനെ പോലുള്ള സത്യാന്വേഷകര്‍ കണിശ്ശമായും ഈ കാലഘട്ടത്തില്‍ ആവശ്യമാണ്‌. മഞ്ഞളരുവിയില്‍ എത്ര ശുദ്ധാത്മാക്കള്‍ക്കാണ് സൂര്യനെ നോക്കി കാഴ്ച നഷ്ടപ്പെട്ടത്? അവര്‍ക്കൊക്കെ സഭയും മനോരമയും ദീപികയും കൂടി ചിലവിനു കൊടുക്കുമോ?

              എണ്‍പത്കാരനായ മാത്യൂ സാര്‍ തികച്ചും സംതൃപ്തനാണ്. സഫലമായ ഒരു ജീവിതം താന്‍ നയിച്ചു എന്നാണു അദേഹത്തിന്‍റെ ബോധ്യം. തനിക്കു ലഭിച്ച ദൈവാനുഗ്രഹങ്ങളെല്ലാം കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ കള പറിച്ചതിന് ലഭിച്ച പ്രതിഫലമാണെന്ന് അദ്ദേഹം കരുതുന്നു. പവ്വത്തില്‍ പിതാവിനെ മനിക്കേയന്‍ കുരിശു വിഷയത്തില്‍ ഏറ്റവും അധികം വെള്ളം കുടിപ്പിച്ചത്‌ ഇദ്ദേഹമാണ്. നമ്മുടെ പിതാക്കന്മാരുടെ കൂട്ടത്തില്‍ ഏറ്റവും കൌശലക്കാരന്‍ പവ്വത്തില്‍ പിതാവാണ്; പ്രത്യക്ഷത്തില്‍ അങ്ങേയറ്റം സാധുവാണെന്ന് തോന്നുമെങ്കിലും. ക്രിസ്ത്യാനി വിദ്യാര്‍ഥികള്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന അദ്ദേഹത്തിന്‍റെ ഉപദേശം നോക്കുക. ദൈവമേ , ഇവരൊക്കെ കൂടി ഈ നാടിനെ ഏതു നരകത്തിലെക്കാണ് നയിക്കുന്നത്. വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ ഇടകലര്‍ന്നിരുന്നു പഠിക്കുമ്പോഴല്ലേ എല്ലാവരും മനുഷ്യരാണെന്ന് അനുഭവിച്ചു ബോധ്യപ്പെടുവാന്‍ പറ്റൂ. സര്‍ക്കാര്‍, വിദ്യാഭ്യാസത്തിനു വേണ്ടി ബഡ്ജറ്റിന്‍റെ സിംഹ ഭാഗവും നീക്കി വയ്ക്കുന്നത് സമൂഹത്തില്‍ മാനവികതാ ബോധം പരക്കുന്നതിന് വേണ്ടിക്കൂടിയാണ്. മാത്യൂ സാറിനെപ്പോലുള്ള വൃദ്ധന്മാരുടെ ആനന്ദഭരിതമായ ജീവിതം കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് പാഠമാകേണ്ടാതാണ്. പള്ളിക്കും പട്ടക്കാരനും എതിരെ തിരിയുന്നവരെല്ലാം അവസാനം നരകിച്ചു അരിയസുമുക്കി പുഴുവരിച്ചു മരിക്കുന്നതാണല്ലോ പള്ളിക്കുറുക്കന്മാര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങളാരും പള്ളിക്കെതിരല്ല. സത്യത്തില്‍ ഞങ്ങള്‍ കര്‍ത്താവിനെതിരായവര്‍ക്കെതിരാണ്. എത്രയോ നല്ല അച്ചന്മാര്‍ ഞങ്ങളെ അനുകൂലിക്കുന്നു. ഞങ്ങളുടെ യോഗങ്ങളില്‍ വന്നു പ്രസംഗിക്കുന്നു. അവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ക്ക് ഞങ്ങളെ ക്ഷണിക്കുന്നു. നല്ല അച്ചന്മാരൊക്കെ രഹസ്യമായി സമ്മതിക്കുന്നുണ്ട് സഭയിലൊരു ശുദ്ധികലശം അനിവാര്യമാണെന്ന്. ഒരച്ചനെന്‍റെ ചെവിയില്‍ ഒരിക്കല്‍ മന്ത്രിച്ചു ' താനും മോളും കൂടി പറിച്ചാലൊന്നും സഭയിലെ കള തീരില്ല. വല്ല എന്‍ഡോസള്‍ഫാനും എടുത്തു ചാമ്പാന്‍ നോക്ക്. ' പക്ഷെ അതിനു ഞാന്‍ എതിരാണ്. നശിപ്പിക്കാന്‍ ഞാനില്ല. നന്നാക്കാനെയുള്ളൂ. ഒരു കാര്യം കൂടി. മാത്യൂ സാറും മനുഷ്യനാണ്. അങ്ങേരുടെ മുട്ടേലും പരു വന്നെന്നു വരാം. ഉടനെ ദീപിക ആ പരുവിന്‍റെ ക്ലോസ്സപ് ഫോട്ടോ സഹിതം ഫീച്ചര്‍ കൊടുക്കും. പള്ളിക്കും പട്ടക്കാരനും എതിരെ പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ക്കാരന്‍ മത്തായിക്ക് ക്യാന്‍സര്‍ ആണെന്ന് പറഞ്ഞ്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ അപ്പനെക്കുറിച്ചു ഫീച്ചര്‍ കൊടുത്തത് പോലെ. നമ്മുടെയൊക്കെ അപ്പന്മാരെ കുറിച്ച് ആരെങ്കിലും ഫീച്ചര്‍ കൊടുക്കുന്നുണ്ടോ ?

    മാത്യൂ സാറാണ് ആദ്യം ഒരു നോട്ടീസ്സ് അതിരമ്പുഴ ഭാഗത്ത്‌ പ്രചരിപ്പിക്കുന്നത് ബനഡിക്റ്റച്ചനെ പുണ്യവാളനാക്കുന്നതിനെതിരെ. ചില്ലറ സൂചനകളൊക്കെ കിട്ടിയത് കൊണ്ടാവാം അദ്ദേഹം എന്നെ ഒന്ന് രണ്ടു തവണ ഫോണില്‍ വിളിച്ചു. ഒറ്റയ്ക്കാണ് താമസമെന്നും ലേശം പേടിയില്ലാതില്ല എന്നും പറഞ്ഞു. ബനഡിക്റ്റ് ദേവന്‍റെ പുരോഹിതന്മാര്‍ ഔചിത്യ ബുദ്ധിയുള്ളവരാണെന്നും ഇപ്പനെപ്പോലുള്ള ചോരത്തിളപ്പുള്ള കൊഴുത്ത കാളകള്‍ മുക്രയിട്ടു ചുരമാന്തി നില്‍ക്കവേ മാത്യൂ സാറിനെ പോലുള്ള എല്ലുമൂപ്പുകൂടിയ മുതുക്കന്‍ കാളകളെ അവര്‍ ബനഡിക്റ്റ് ദേവന് ബലിയര്‍പ്പിക്കുകയില്ലെന്നും ഒക്കെ തമാശ പറഞ്ഞു ഞാനദ്ദേഹത്തെ ആശ്വസിപ്പിച്ചു. മാത്യൂ സാറിനെ പോലുള്ളവരുടെ ഭയം അസ്ഥാനത്തല്ല. ചാണക്യന്‍ ഖജനാവ് കാലിയായ രാജാവിനു കൊടുക്കുന്ന ഉപദേശമെന്തെന്നോ? ഒന്നാമത് വേശ്യാവൃത്തി നിയമ വിധേയമാക്കിയിട്ടു വേശ്യകള്‍ക്ക് കനത്ത നികുതി ചുമത്തണം. രണ്ടാമത് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളോട് പരസ്യമായി ദൈവ നിന്ദ നടത്തിയാല്‍ മോചിപ്പിക്കുമെന്ന് പറയണം. ഊരുപേടി കൊണ്ട് അവരേതു ദൈവ നിന്ദയും നടത്തും. മോചിപ്പിക്കുന്ന അവരെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊല്ലണം. ഇതാളുകളുടെ ദൈവഭയം വര്‍ധിപ്പിക്കും. അവര്‍ ക്ഷേത്രത്തില്‍ പോക്ക് ശീലമാക്കും. നേര്‍ച്ച കാഴ്ചകള്‍ വര്‍ധിക്കും. ക്ഷേത്ര സ്വത്തു പെരുകും. ആ സമയം നോക്കി രാജാവ് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു ഖജനാവിലേക്ക് മുതല്‍ കൂട്ടിക്കൊള്ളണം. എങ്ങനെയുണ്ട് ചാണക്യന്‍റെ ബുദ്ധി ? എന്നു പറഞ്ഞതു പോലെ ഇവര് നമ്മളെ ഉപദ്രവിക്കും. എന്നിട്ട് പറഞ്ഞു പരത്തും ദൈവശിക്ഷയാണെന്ന്. മാത്യൂ സാറ് പതിവായി നടക്കുന്നിടത്ത് അള്ള്‌ വിതറിയെന്നിരിക്കും. എന്നിട്ട് അങ്ങേര് ചട്ടി ചട്ടി നടക്കുന്നത് ചൂണ്ടി പറയും കണ്ടോ സഭയ്ക്കെതിരെ പ്രവര്‍ത്തിച്ച മൂപ്പിലയ്ക്ക് ചട്ട് പിടിച്ചത് കണ്ടോന്ന്.

             അഭയക്കേസ് കുത്തിപ്പൊക്കുന്ന കാര്യത്തിലും പി. കെ. കുര്യന്‍ സാറിന്‍റെ ശവമടക്ക് പ്രശ്നം കേസാക്കുന്നതിന്‍റെ  പിറകിലും മാത്യൂ സാറുണ്ടായിരുന്നു. കനക സിംഹാസനത്തില്‍ കയറിയിരുന്നു ഞെളിയുന്ന ശുനകന്മാരും ശുംഭന്മാരുമൊക്കെയാണ് വര്‍ത്തമാന കാലത്ത് തിളങ്ങുന്നത്. മാത്യൂ സാറിനെ പോലുള്ളവര്‍ സമുദ്രത്തിന്‍റെ അഗാധതയില്‍ മറഞ്ഞു കിടക്കുന്ന അമൂല്യ രത്നങ്ങളാണ്. പക്ഷെ ഈ ചരിത്രം ചരിത്രം എന്നു പറയുന്നതുണ്ടല്ലോ, മുടന്തി മുടന്തിയെങ്കിലും മുന്നോട്ടു നീങ്ങുന്നത്‌ മാത്യൂ സാറിനെപ്പോലുള്ളവരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ കൊണ്ടാണ്. പാതിരാത്രിക്ക്‌ പോസ്റ്റില്‍ കയറി പോസ്റ്ററൊട്ടിക്കുന്ന ജോര്‍ജ്ജു ജോസഫ് സാറും ഒറ്റയ്ക്ക് പ്ലക്കാര്‍ഡും പിടിച്ചു കേരളയാത്ര നടത്തുന്ന സ്റ്റീഫനും ഒക്കെ ഈ കൂട്ടത്തില്‍ പെടും. എന്‍റെ ചങ്ക് തുരന്നെടുത്തു അവര്‍ക്ക് സമര്‍പ്പിക്കാനും മാത്രം നന്ദിയും കടപ്പാടും എനിക്കവരോട് തോന്നുന്നുണ്ട്. മാത്യൂ സാറ് നോട്ടീസ് വഴി ആദ്യത്തെ വെടി പൊട്ടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ബനഡിക്റ്റ് പുണ്യവാനായത് തന്നെ. ക്രിമിനലുകളുടെ മധ്യസ്ഥനായ ഒരു പുണ്യവാനെക്കൂടി ചീഞ്ഞ മീന്‍ കുട്ട പോലെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ലോകാവസാനം വരെ ചുമക്കേണ്ടി വരുമായിരുന്നു. ആ ദുരന്തത്തില്‍ നിന്ന് കേരള സുറിയാനി സഭയെ മോചിപ്പിച്ച മഹാ സേവനത്തിനു പ്രതി നന്ദിയായി ' മഹാനായ മൂപ്പിലേ  ' അങ്ങേയ്ക്ക് ഞാനീ കൈക്കുറ്റപ്പാട് സമര്‍പ്പിക്കുന്നു.

5 comments:

 1. ......ശ്രീ.പി.കെ.മാത്യു സാറിനെ വണങ്ങിക്കൊണ്ട് ഞാൻ വായിച്ചുതുടങ്ങട്ടെ....

  ReplyDelete
 2. ഹിന്ദുമതത്തിലും ഇസ്ലാമിലും ഇപ്പോള്‍ ശക്തമായ രണ്ടാംഘട്ട മതപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്......
  പക്ഷെ അവരെല്ലാം മതമൌലിക വാദികളോ വര്‍ഗീയ വാദികളോ ആണ് .താങ്കളുടെ ഉദ്യമം അങ്ങനെയല്ലാതാകട്ടെ.........
  താങ്കളുടെ ശ്രമങ്ങള്‍ക്ക് ഒരു അക്രൈയ്സ്തവന്റെ പിന്തുണ.അഭിവാദ്യങ്ങള്‍.

  ReplyDelete
 3. കനകസിംഹാസനത്തിലിരിക്കുന്നവന്‍ ശുംഭനോ.. അതോ ശുനകനോ...?

  ReplyDelete
 4. കള പറിക്കല്‍ എനിക്കങ്ങു ശരിക്കും ഇഷ്ടപ്പെട്ടു. ഇന്ന് ഇങ്ങനെയുള്ള ശബ്ദങ്ങള്‍ മുങ്ങിപ്പോവുകയോ, മുക്കി താഴ്ത്തുകയോ ചെയ്യപ്പെടുകയാണ് പതിവ്. ഹ്രദയം നിറഞ്ഞ ആശംസകള്‍..

  ReplyDelete