Friday 10 February 2012

         കാഞ്ഞിരപ്പള്ളിയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അന്തോനിച്ചന്‍ ജനിച്ചത്. ഒന്നാന്തരം നൂറേക്കര്‍ റബ്ബര്‍ത്തോട്ടം വീതം കിട്ടാനുണ്ട്. സുന്ദരന്‍. ആരോഗ്യവാന്‍. വിദ്യാസമ്പന്നന്‍. മാരിയേജു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള പയ്യന്‍. പക്ഷേ, പയ്യന്‍ ഈ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നസ്രായന്റെ പിറകേ ഇറങ്ങിത്തിരിച്ചു. അതും പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെ ലഭിച്ചിട്ടു ശരിക്കും ചിന്തിച്ചതിനുശേഷം. ഇപ്പനിതിവിടെ ഇത്രയും വിസ്തരിച്ചത് ഇപ്പന്റെ അമ്മാച്ചന്റെ ത്യാഗമഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍വേണ്ടി മാത്രമല്ല. അദ്ദേഹത്തെപ്പോലെ ഭൗതികസുഖഭോഗങ്ങളെല്ലാം ത്യജിച്ച് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കണ്ടകാകീര്‍ണ്ണമായ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും ആദരപൂര്‍വ്വം സ്മരിക്കാന്‍ ഒരു സന്ദര്‍ഭം ഒരുക്കുകയും കൂടിയായിരുന്നു. പക്ഷേ, അങ്ങനെ നന്മ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് സഭയില്‍ നിസ്സഹായരാണ്. സത്യത്തില്‍ അങ്ങനെയുള്ളവരുടെ കരങ്ങള്‍ക്കു ശക്തിപകരുക എന്നതാണ് ഇപ്പന്റെ ഉന്നം. 

          കൗമാരത്തിന്റെ ചോരത്തിളപ്പില്‍ ഒരു ഘട്ടത്തില്‍ വീട്ടിലും ഞാന്‍ റിബലായിരുന്നു. ഒരു ദിവസം അമ്മയുടെ മുക്കാല്‍ പവന്റെ ഒരു മാല കട്ടുകൊണ്ട് ഞാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. കോട്ടയത്തും ചങ്ങനാശ്ശേരിയിലും ഉള്ള സകല സ്വര്‍ണ്ണക്കടകളിലും വില്‍ക്കാന്‍ ശ്രമിച്ചു. നടന്നില്ല. കൈയിലുള്ള കാശിനു ടിക്കറ്റെടുത്തു മദ്രാസിലെത്തി. മനസ്സില്‍ മുഴുവന്‍ അന്തോനിച്ചായനായിരുന്നു. പിന്നെ ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ അടിപൊളി ശാപ്പാടും. അന്നൊക്കെ ഇപ്പന് ഒരു കാട്ടുപോത്തിനെത്തിന്നാനുംമാത്രം വിശപ്പുണ്ടായിരുന്നു. ഇന്നും കുറവല്ല. ചെന്നപ്പോഴേ അന്തോനിച്ചായന്‍ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞു. ''ഇങ്ങനെ ഒളിച്ചോടി വരുന്നവര്‍ക്കൊക്കെ വെറുതെ ഉണ്ടു താമസിക്കാന്‍ ഇതു സത്രമൊന്നുമല്ല. ഇതു സഭയുടെ സമ്പത്താണ്. നിനക്കു ചെലവിനു തരേണ്ടത് നിന്റെ അപ്പനാണ്. അപ്പനെഴുതൂ'' ഞാനപ്പനെഴുതി. മറുപടി വന്നു. വക്കീല്‍ ഭാഷയില്‍ത്തന്നെ. ''മക്കള്‍ കൂടെ താമസിച്ചാല്‍ ചെലവിനു തരാനേ വകുപ്പുള്ളൂ. നീ തിരിച്ചു വരൂ. ഞാന്‍ ചെലവിനു തരാം'' എഴുത്തു ഞാന്‍ അന്തോനിച്ചായനെക്കാണിച്ചിട്ടു പറഞ്ഞു. ''അന്തോനിച്ചായനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. '' പെട്ടെന്നു വന്നു മറുപടി. ''ബുദ്ധിമുട്ടാന്‍ നീ എന്റെ തലയിലൊന്നും അല്ലല്ലോ നില്‍ക്കുന്നത്. പക്ഷേ, ഇവിടെ വെറുതെ ഉണ്ടു താമസിക്കാന്‍ പറ്റില്ല. അന്ധന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യണം.'' അന്തോനിച്ചായന്‍ അന്ന് ഒറ്റയ്ക്ക് കുറെ അന്ധന്മാരുമായി പല്ലാവരത്തു താമസിക്കുകയാണ്. അന്ധന്മാരോടൊപ്പം ചേര്‍ന്ന് ഞാന്‍ കഠിനാദ്ധ്വാനം ആരംഭിച്ചു. പച്ചക്കറിത്തോട്ടം വെച്ചു പിടിപ്പിച്ചു. ചാണകംവാരി പച്ചക്കറിക്കുവെച്ചു. കമ്പോസ്റ്റുകോരി തെങ്ങിനിട്ടു. എല്ലാത്തിനും കാര്‍ന്നോരും ഞങ്ങളുടെ മുമ്പിലുണ്ട്. പക്ഷേ, അടിപൊളി ശാപ്പാടു പ്രതീക്ഷിച്ചുവന്ന എനിക്ക് നിരാശയായിരുന്നു ഫലം. രാവിലെ ഉപ്പുമാവും ചക്കരയും. അല്ലെങ്കില്‍ ദോശയും കടലയരച്ച ചമ്മന്തിയും. ഉച്ചയ്ക്കു സാമ്പാറും കൊളമ്പും പച്ചരിച്ചോറുംമാത്രം. വൈകിട്ടു ചപ്പാത്തീം പച്ചക്കറിയും. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഇറച്ചി. വരവുപാല്‍പ്പൊടിത്തൈരുമാത്രം മടുമടാന്ന് എപ്പോള്‍വേണമെങ്കിലും കുടിക്കാം. പക്ഷേ, ഒരു ജീവിതസത്യം ഞാന്‍ മനസ്സിലാക്കി. നന്നായി അദ്ധ്വാനിച്ചുകഴിയുമ്പോള്‍ ആ പച്ചരിച്ചോറിനുപോലും ഒരു പ്രത്യേക സ്വാദുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് കട്ടന്‍കാപ്പി മോന്തുമ്പോള്‍ കിട്ടുന്ന സുഖം പണക്കാരന് സ്‌കോച്ചുവിസ്‌കി അടിച്ചാല്‍ കിട്ടണമെന്നില്ല. എന്റെ അപ്പന്റെ ഒരു കസിനച്ചന്‍ അന്നു താമ്പരം പള്ളിയിലെ വികാരിയാണ്. അദ്ദേഹത്തിന്റെ കോക്കി നല്ല കൈപ്പുണ്യമുള്ളവനായിരുന്നു. ബുദ്ധിമാനും സ്‌നേഹസമ്പന്നനുമായ അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: ''അങ്ങേരുടെ അവിടെ ശാപ്പാടൊക്കെ ഒരു വകയായിരിക്കും. നിന്റെ നല്ല പ്രായമല്ലേ. പകലൊക്കെ നീ ഇവിടെ വന്നു നിന്നു ശാപ്പാടൊക്കെ കഴിഞ്ഞ് അങ്ങേര്‍ക്കു വിഷമമുണ്ടാകാതിരിക്കാന്‍ രാത്രി അവിടെപോയി കിടന്നോ'' എങ്കിലും എനിക്ക് ഉപ്പുമാവും ചക്കരയുമായി അന്തോനിച്ചായന്റെ കൂടെ കഴിയാനായിരുന്നു ഇഷ്ടം.

     എന്റെ അപ്പന്റെ വഴിക്കും അമ്മയുടെ വഴിക്കുമായി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു പട തന്നെയുണ്ട്. അവരുടെയൊക്കെ മുമ്പില്‍ ഒരു 'നല്ല പിള്ള' യാണു ഞാന്‍. സത്യത്തില്‍ എനിക്കവരെയെല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ, ഈ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവരില്‍ പലരും എന്നോടു കൂട്ടുവെട്ടുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുചെയ്യാം? അവരുടെയെല്ലാം മുമ്പില്‍ നല്ല പിള്ളയാകാന്‍ വേണ്ടി എനിക്ക് നസ്രായനായ യേശു പറയുന്നത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? എന്റെ അമ്മയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ എസ്.ഡി. സിസ്റ്റേഴ്‌സാണ്. തെയ്യാമ്മ ഇളയമ്മയും പെണ്ണമ്മ ഇളയമ്മയും. അവരെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. എനിക്കവരെയും അതുപോലെ സ്‌നേഹമാണ്. അവരില്‍ തെയ്യാമ്മ ഇളയമ്മയ്ക്ക് ഞാനിങ്ങനെ ഒരു 'കാണാതെ പോയ കുഞ്ഞാടാ'യതില്‍ വളരെ ദുഃഖമുണ്ട്. തെയ്യാമ്മ ഇളയമ്മ ഒരിക്കല്‍ അന്തോനിച്ചനോടു പറഞ്ഞു. ''ഇവന് ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം.'' ഞാനന്തോനിയച്ചനോട് ഒരു മണിക്കൂറോളം തുറന്നു സംസാരിച്ചു. അന്തോനിച്ചായന്‍ നല്ല ഒരു ലിസണറാണ്. ഞാന്‍ സഭയുമായി ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിട്ട് അന്തോനിച്ചായന്‍ പറഞ്ഞു. ''നീ പറഞ്ഞ മിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.'' ഒരുപക്ഷേ, ആ കൗണ്‍സിലിങ്ങിനൊക്കെശേഷമാണ് ഞങ്ങള്‍ ഹൃദയംകൊണ്ടു കൂടുതല്‍ അടുത്തതെന്നു തോന്നുന്നു. 
ശാഖാചംക്രമണമാകുമെങ്കിലും സമാനമായ വേറൊരു സംഭവം കൂടി പറയാം. ഞങ്ങളുടെ ഇടവകയില്‍ ഒരു കരിസ്മാറ്റിക് ധ്യാനം. ഇത്തരം ധ്യാനങ്ങളോട് അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട് ഞാന്‍ പോയില്ല. ധ്യാനത്തിനു ചെല്ലാത്തവരെ വേട്ടയാടാന്‍വേണ്ടി ധ്യാനഗുരുവും കുറെ വിശുദ്ധഗുണ്ടകളും കൂടി ഇറങ്ങിത്തിരിച്ചു. അവര്‍ എന്റെ വീട്ടിലും വന്നു. ഞാന്‍ സ്വീകരിച്ചിരുത്തി. ഗുണ്ടാത്തലവന്‍ എന്നെനോക്കി ആക്രോശിച്ചു. ''ഭാര്യയെവിടെ? ഭാര്യയെ വിളിക്കൂ'' ഭാര്യ കുട്ടികള്‍ക്കു ട്യൂഷനെടുക്കുകയാണെന്നു ഞാന്‍ പറഞ്ഞു. ''അച്ചന്‍ വന്നതുകണ്ടില്ലേ?'' അയാളുടെ ശബ്ദം വീണ്ടും ഉയര്‍ന്നു. എനിക്കു കഠിനമായ കോപം വന്നു. എങ്കിലും ഞാന്‍ നിയന്ത്രിച്ചു. വീട്ടില്‍ വന്നവരെ ആട്ടിയിറക്കുന്നതെങ്ങനെ? അങ്ങനിപ്പം എന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയെ വിശുദ്ധന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നു ഞാനും തീരുമാനിച്ചു. ആജ്ഞാപിക്കുന്നത് മര്യാദയുള്ള ടൂണിലാണെങ്കിലും സമ്മതിച്ചേക്കാമായിരുന്നു. എങ്ങനെയും ഗുണ്ടകളെ പുറത്താക്കണം. പെട്ടെന്നെനിക്കൊരു ബുദ്ധിതോന്നി. ഞാനച്ചനോടു പറഞ്ഞു. ''അച്ഛനോടെനിക്കൊന്നു കുമ്പസാരിക്കണം.'' അച്ചന്‍ പെട്ടെന്ന് ഗുണ്ടകളോടു പറഞ്ഞു. ''നിങ്ങള്‍ പുറത്തിറങ്ങി നില്‍ക്കണം'' ഞാനച്ചനോട് അരമണിക്കൂറോളം തുറന്നു സംസാരിച്ചു. ധ്യാനത്തിനു വരാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞു. സഭയോടുള്ള സൗന്ദര്യപ്പിണക്കങ്ങളും പങ്കുവെച്ചു. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു: ''എന്റെ സ്വാര്‍ത്ഥതകൊണ്ട് ഞാന്‍ സഭയുമായി തല്‍ക്കാലത്തേക്ക് ഒരു ധാരണയില്‍ പോകാന്‍ ആഗ്രഹിക്കുന്നു. അരുവിത്തുറയിലെ വികാരിയച്ചന്‍ വിചാരിച്ചാല്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ കഴിയും. ഞാന്‍ അരുവിത്തുറകോളേജിലെ അദ്ധ്യാപകനാണല്ലോ. അതുകൊണ്ടച്ചന്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ധ്യാനത്തിനു വരാം. പക്ഷേ, ധ്യാനസമയം മുഴുവന്‍ ഞാന്‍ മനസ്സില്‍ അച്ചനെ തെറിപറയുകയായിരിക്കും. ആ മഹാപാപം എന്നെക്കൊണ്ടു ചെയ്യിക്കണോ അച്ചോ?'' വേണ്ടേ വേണ്ടെന്ന് അച്ചന്‍ തീര്‍ത്തു പറഞ്ഞു. എന്നിട്ടിത്രയുംകൂടി പറഞ്ഞു. ''ഒരുപക്ഷേ സാറുപോലും തെറ്റിദ്ധരിക്കുന്നതുപോലെ സാറൊരു സഭാവിരുദ്ധനൊന്നുമല്ല. സാറുപറഞ്ഞതിലൊക്കെ കുറെ കാര്യങ്ങളുണ്ട്.''
ഞാന്‍ മനസ്സിലാക്കിയതു ശരിയാണെങ്കില്‍ സഭ സമ്പത്തിന്റെ പുറകേ പോകുന്നതില്‍ അന്തോനിച്ചായന്‍ ദുഃഖിതനാണ്. തന്റെ തന്നെ സഭയില്‍ അദ്ദേഹം ഒറ്റയാനാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ ഫൈവ്സ്റ്റാര്‍ സ്‌കൂള്‍ ബിസിനസ്സുകളെ ഞാനൊരിക്കല്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിനോടു സമ്പൂര്‍ണ്ണമായി യോജിച്ചു. പള്ളികളിലെ ആര്‍ഭാടങ്ങളെയും ആഡംബരങ്ങളെയും കുറിച്ച് ഒരിക്കല്‍ അദ്ദേഹം ദുഃഖത്തോടെ സംസാരിച്ചത് ഓര്‍ക്കുന്നു. ആധുനിക അള്‍ത്താരകളിലെ യന്ത്രവല്‍ക്കൃതമായ തിരശ്ശീലകളും നസ്രത്തിലെ പുല്‍ത്തൊഴുത്തിലെ കീറത്തുണികളും തമ്മിലുള്ള വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പള്ളികളിലെ കര്‍മ്മങ്ങളും, ധ്യാനങ്ങളും, പ്രാര്‍ത്ഥനകളും, വേദപാഠങ്ങളും മറ്റും വിശ്വാസികളെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ഞാനദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞു. അദ്ദേഹത്തിനതിനോടു യാതൊരു യോജിപ്പുമില്ലെന്നാണു പറഞ്ഞത്. പ്രാര്‍ത്ഥന അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഹൃദയംതുളുമ്പി ഉരുവിട്ടു പോകേണ്ടതാണ്. ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കതിനു പുറകില്‍ നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. നമ്മളെ ഗള്‍ഫില്‍ കൊണ്ടുപോയേ തീരൂ എന്ന നിര്‍ബന്ധത്തില്‍ ഒരുത്തന്‍ നമ്മുടെ പുറകെ കൂടുന്നുണ്ടെങ്കില്‍ തീരുമാനിക്കാം അവന്‍ വിസാ തട്ടിപ്പുകാരനാണെന്ന്. അതുപോലെ നമ്മളെ മോക്ഷത്തില്‍ കൊണ്ടുപോയേ തീരൂ എന്ന നിര്‍ബന്ധബുദ്ധിയോടെ ആരെങ്കിലും നമ്മുടെ പുറകേ കൂടുന്നുണ്ടെങ്കില്‍ അവരെയും സൂക്ഷിച്ചുകൊള്ളണം. 

             പല സാദൃശ്യങ്ങളുമുണ്ടു ഞാനും അന്തോനിച്ചായനും തമ്മില്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും റോഡു ക്രോസുചെയ്യാന്‍ ഭയമാണ്. ഒരു സന്ദര്‍ഭത്തില്‍ റോഡു ക്രോസുചെയ്യാന്‍ മുക്കാല്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരു തമാശ. തമാശ വായനക്കാര്‍ക്കിഷ്ടമായതുകൊണ്ട് പുസ്തകത്തിന്റെ നീളം കൂടുന്നതൊന്നും ഗൗനിക്കുന്നില്ല. ഒ.വി.വിജയനും റോഡു ക്രോസു ചെയ്യാന്‍ ഭയമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് ക്രോസുചെയ്യാന്‍ ഒരോട്ടോറിക്ഷാ പിടിക്കേണ്ടിവന്നത്രേ. ഇക്കാര്യം എഴുതിയശേഷം എം. മുകുന്ദന്റെ വക ഒരു കമന്റ്. ലോകചരിത്രത്തിലാദ്യമായും അവസാനമായും ഓട്ടോറിക്ഷാപിടിച്ചു റോഡു ക്രോസുചെയ്ത ഒരേയൊരാള്‍ വിജയനായിരിക്കണമെന്ന്. അതു വായിച്ചിട്ട് റോഡു ക്രോസു ചെയ്യാന്‍ വേണ്ടി പലതവണ ഓട്ടോറിക്ഷാ പിടിച്ചിട്ടുള്ള ഇപ്പന്‍ മുകുന്ദന്റെ ലോകപരിജ്ഞാനക്കുറവോര്‍ത്ത് ഊറിച്ചിരിച്ചു. മുകുന്ദന്‍ വിജയന്റെ എഴുത്തുകാരനെന്ന നിലയിലുള്ള ധീരതയെ പ്രശംസിക്കാന്‍ പശ്ചാത്തലമൊരുക്കുകയായിരുന്നു, വാഹനഫോബിയായുടെ പരാമര്‍ശത്തിലൂടെ. എന്നുപറഞ്ഞതുപോലെ അന്തോനിച്ചായനും ഞാനും ഞങ്ങളുടെ തട്ടകങ്ങളിലെത്തുമ്പോള്‍ മാത്രം ധീരന്മാരാണ്. 
എഴുത്ത് എന്ന അസുഖം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുമുണ്ട്. ഒന്നാന്തരമെന്നു പറയാനില്ലെങ്കിലും അന്തോനിച്ചായന്‍ ഇംഗ്ലീഷില്‍ തരക്കേടില്ലാത്ത കവിതകള്‍ എഴുതും. ഗഅഘഅഗ എന്ന തൂലികാനാമത്തില്‍ 'കലക്' മലയാളത്തിലും ഇംഗ്ലീഷിലും മുമ്പോട്ടും പുറകോട്ടും സ്‌പെല്ലിങ് ഒന്നുതന്നെ. ആത്മകഥാക്കുറിപ്പുകള്‍ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ ഒരു പ്രിയപ്പെട്ട ശിഷ്യനായ ബ്രദര്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതി: ''ഈ മനുഷ്യന്‍ സമൂഹത്തെ സദുദ്ദേശ്യത്തോടെ 'ഡിസ്റ്റേര്‍ബ്' ചെയ്യുന്നവനാണ്.'' ഈ കമന്റ് ഇപ്പനെ സംബന്ധിച്ചും ചേരുമെന്ന് ഇപ്പന്‍ കരുതുന്നു. ഞാന്‍ നടത്തിയ സമരത്തെ അദ്ദേഹം ഉദാരമായി കൈയയച്ചു പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും ഈ പുസ്തകം ഇദ്ദേഹത്തിനു സമര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിക്കില്ലായിരുന്നു. അതോ, സമര്‍പ്പിച്ചാല്‍ മൂപ്പരെന്നോടു പൊട്ടിത്തെറിക്കുമോ എന്ന് എനിക്കു തീര്‍ച്ചയില്ല. ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പനൊരിക്കല്‍ ഒരത്യാവശ്യകാര്യത്തിന് പിള്ളേരും തള്ളയുമായി മദ്രാസില്‍ ചെന്നു. എനിക്ക് ഉടനടി തിരിച്ചുപോരണം. കാര്‍ന്നോരെ ചെന്നു കാണാതെ തിരിച്ചുപോരുന്നതില്‍ എനിക്കു കുറ്റബോധവും ദുഃഖവും തോന്നി. ഞാന്‍ മൂപ്പരെ ഫോണില്‍ വിളിച്ചു. ''അന്തോനിച്ചായാ, ക്ഷമിക്കണേ. വന്നു കാണണമെന്നുണ്ടായിരുന്നു. തിരക്കുകാരണം തിരിച്ചുപോകുകയാണ്.'' പെട്ടെന്ന് അന്തോനിച്ചായന്‍ എന്നോടു പൊട്ടിത്തെറിച്ചു: ''നീ എന്തിനാ എന്നോടു മാപ്പു പറയുന്നത്. നീ ഒരു കാര്യത്തിനുവന്നു. എന്നെക്കാണാന്‍ നിനക്കു സമയം കിട്ടിയില്ല. നീ തിരിച്ചു പോകുന്നു. അതിനെന്തിനാ ഒരു മാപ്പ്?'' വ്യത്യസ്തമായി ചിന്തിക്കാറുള്ള എനിക്ക് എന്നെക്കാള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഈ മനുഷ്യനെ മനസ്സിലായില്ല. ചെല്ലാത്തതിന്റെ പരിഭവംകൊണ്ടായിരിക്കണം ഈ ചൂട്. ഞാന്‍ ദയനീയമായി വിശദീകരിച്ചു: ''എനിക്ക് അവിടെ വരണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നു അന്തോനിച്ചായാ.'' എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നത്. അദ്ദേഹം പൂര്‍വ്വാധികം ഉച്ചത്തില്‍ വഴക്കുപറയാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ വെച്ചു. എനിക്കു കാര്യം മനസ്സിലായി. കുറ്റമൊന്നും ചെയ്യാത്ത സ്ഥിതിക്ക് ഞാന്‍ മാപ്പുപറഞ്ഞതാണ് അങ്ങേരെ പ്രകോപിപ്പിച്ചത്. അത്തരം ഔപചാരികതകളും ഭംഗിവാക്കുകളും ഒന്നും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. നേരേ വാ, നേരേ പോ. ഈ അടുത്തയിടെ ഞങ്ങള്‍ പലപ്രാവശ്യം അടുത്തിടപെട്ടു. പുസ്തകം എഴുതുന്ന കാര്യമോ പുസ്തകം അങ്ങേര്‍ക്കു സമര്‍പ്പിക്കാന്‍ പോകുന്ന കാര്യമോ ഞാന്‍ മിണ്ടാന്‍ പോയില്ല. വേണ്ടെന്നെങ്ങാനും പറഞ്ഞുപോയാല്‍ ഞാനെങ്ങനെ എന്റെ മോഹം സാക്ഷാത്കരിക്കും?

              ഇതിലെ പല ആശയങ്ങളോടും അദ്ദേഹം യോജിക്കുമോ എന്ന് ഇപ്പന് ഉറപ്പില്ല. ഒരു കാര്യം ഇപ്പന്‍ ഇവിടെ അടിവരയിട്ടു പറയുന്നു. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലാണെന്ന അഹങ്കാരം ഇപ്പനില്ല. വ്യവസ്ഥിതിയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ ഭ്രാന്തമായി ഉണര്‍ന്നിരിക്കുന്ന മൂല്യബോധം മാത്രമാണ് ഇപ്പന്റെ കൈമുതല്‍. ഇപ്പന്റെ ഓരോ പരമാണുവും അമര്‍ഷരോഷങ്ങള്‍കൊണ്ടു ജ്വലിക്കുകയാണ്. ഈ അമ്പതാമത്തെ വയസ്സിലും ഇപ്പന്റെ ചോര തിളയ്ക്കുന്നു. ഒരുപക്ഷേ പക്വതക്കുറവായിരിക്കണം കാരണം. അന്തോനിച്ചായനെപോലുള്ളവരുടെ നിശ്ശബ്ദത ഇപ്പനെ വെകിളി പിടിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ പാമ്പിനെ പുറത്തു ചാടിക്കാന്‍ പുകയ്ക്കുന്നതുപോലെ ഇപ്പന്‍ തീയിട്ടു പുകയ്ക്കുകയാണ്. അന്തോനിച്ചായനെപ്പോലുള്ളവര്‍ പുറത്തുവരണം. മറുപടി തരണം. അപ്പോഴേ ഇപ്പന്റെ പുസ്തകരചന സാര്‍ത്ഥകമാകൂ. പൂര്‍ണ്ണമാകൂ. ഈ പുസ്തകത്തിലെ ഒരാശയത്തോടും അദ്ദേഹത്തിനു യോജിപ്പില്ലെങ്കിലും പുസ്തകം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതില്‍ അനൗചിത്യമില്ല. പ്രാസവാദത്തില്‍ കേരളവര്‍മ്മയും ഏ.ആറും രണ്ടു കക്ഷികളുടെ നേതാക്കന്മാരായിരന്നു. പക്ഷേ, പ്രധാനപ്പെട്ട പുസ്തകം എഴുതിയപ്പോള്‍ അനന്തരവനായ ഏ.ആര്‍. അതു സമര്‍പ്പിച്ചിരിക്കുന്നത് അമ്മാവനായ കേരളവര്‍മ്മയ്ക്കാണ്.
ഇനി കണ്ണില്‍ ചോരയില്ലാത്ത വാക്കുവ്യത്യാസം കാണിച്ച് മാളൂട്ടിയെപ്പോലും നിഷ്‌കരുണം ഒഴിവാക്കി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ പടുകിഴവനു തന്നെ സമര്‍പ്പിക്കുന്നതിനു കാരണം പറയാം. ഈയിടെ ഞാന്‍ തിരുവനന്തപുരംവരെ പോകുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹവും എന്റെ കൂടെക്കൂടി. ട്രെയിനില്‍വെച്ച് ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു. മുഖ്യവിഷയം മതമായിരുന്നു. പരമാവധി ഒരു പൊട്ടിത്തെറിവരെ പ്രതീക്ഷിച്ചുകൊണ്ട് ഞാനദ്ദേഹത്തോടു പെട്ടെന്നു പറയാന്‍ തുടങ്ങി: ''സഭയിലെ പുരോഹിതമേധാവിത്വത്തില്‍ എനിക്ക് കടുത്ത അമര്‍ഷമുണ്ട്. വിശ്വാസികളെ പുരോഹിതന്മാരില്‍ പലരും വെറും അടിമകളായി പരിഗണിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ പരമപ്രധാനമായ രണ്ടു സംഭവങ്ങളാണല്ലോ വിവാഹവും മരണവും. അതുരണ്ടും അവര്‍ പള്ളിയോടു ചേര്‍ത്തു കടുംകെട്ടുകെട്ടിയിരിക്കുന്നു. ഏത് വിമര്‍ശകനും നിഷേധിയും കല്യാണത്തിന്റെ സമയമാകുമ്പോള്‍ അവരുടെ മുമ്പില്‍ ചെന്നു മുട്ടുകുത്തുന്നു. സി.ജെ. തോമസുപോലും റോസിയെ കെട്ടാന്‍വേണ്ടി ചെന്നു മുട്ടുകുത്തി. അല്ലെങ്കില്‍ ശവം തെമ്മാടിക്കുഴിയില്‍പോലും അടക്കിയില്ലെങ്കിലോ എന്നോര്‍ത്ത് പേടിച്ച് അനുരഞ്ജനത്തിലേര്‍പ്പെടുന്നു. മുണ്ടശ്ശേരിക്കും എം.പി.പോളിനും പോലും ശവം സിമിത്തേരിയില്‍ അടക്കണമെന്നു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ടാണവര്‍ക്ക് തെമ്മാടിക്കുഴിയില്‍ കിടക്കേണ്ടിവന്നത്. നരകത്തില്‍ പോയാലും തരക്കേടില്ല, ഞാനേതായാലും എന്റെ ശവം ഇവര്‍ക്കു കൊടുക്കില്ല. ഞാനതു മെഡിക്കല്‍ കോളേജിനു ദാനം ചെയ്യാന്‍ പോവുകയാണ്.'' അന്തോനിച്ചായന്‍ ഒരു ചെറുപുഞ്ചിരിയോടെ എന്റെ വികാരഭരിതമായ പ്രസംഗം കേട്ടുകൊണ്ടിരുന്നു. അവസാനം ഞാന്‍ ചോദിച്ചു: ''അന്തോനിച്ചായന്‍ എന്റെ ഈ തീരുമാനത്തെക്കുറിച്ച് എന്തു പറയുന്നു?'' പുഞ്ചിരി മുറിക്കാതെ അദ്ദേഹം പറഞ്ഞു: ''മണ്ടാ, നീ ഇതു പറയുന്നതല്ലേ ഉള്ളൂ. എന്റെ ശവം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്ന് എത്രയോ മുമ്പേ ഞാന്‍ എന്റെ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരിക്കുന്നു.'' വായനക്കാരേ, നിങ്ങള്‍തന്നെ പറയൂ. എന്റെ ക്രോധത്തിന്റെ അഗ്നിയില്‍ മുളച്ച്, കണ്ണീരിലിട്ടൊലുമ്പി ശുദ്ധി ചെയ്ത ഹൃദ്രക്തത്തില്‍ തൂലിക മുക്കിയെഴുതിയ ഈ വാക്കുകള്‍, ഞാനൊത്തിരി സ്‌നേഹിക്കുന്ന, എന്നെ ഇത്ര കണ്ട് 'വഷളാക്കിയ' ഈ കത്തനാരമ്മാച്ചനല്ലാതെ മറ്റാര്‍ക്കു ഞാന്‍ സമര്‍പ്പിക്കും? മാളൂട്ടീ, മാപ്പ്.
പുസ്തകനാമത്തെക്കുറിച്ച് ഒരു വാക്ക്. ഞാന്‍ കേരളാ ദൂരദര്‍ശനെതിരെ സമരവുമായി നടക്കുന്ന കാലം. ഒരിക്കല്‍ ഒരു സൊസൈറ്റി ലേഡി എന്നോടു ചോദിച്ചു: ''വൈ ആര്‍ യൂ വെയ്സ്റ്റിങ് യുവര്‍ പ്രഷ്യസ് ടൈം ഫോര്‍ സച്ച് ഏ സില്ലീ തിങ്!'' (നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം ഇങ്ങനൊരു നിസ്സാരകാര്യത്തിനുവേണ്ടി പാഴാക്കുന്നത്?) ഇപ്പനപ്പോള്‍ ഓര്‍ത്തത് നമ്മുടെ പാവം നാറാണത്തു ഭ്രാന്തനെയാണ്. നട്ടുച്ച വെയിലത്ത് മുട്ടന്‍ കല്ല് മുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തന്‍! ഒപ്പം ഇങ്ങനെയൊരു ഹാസ്യഭാവനയും തോന്നി. നമ്മുടെ ഈ സൊസൈറ്റി ലേഡിയെങ്ങാനും ആ സമയത്ത് ഭ്രാന്തന്റെ മുമ്പില്‍ വന്നുപെട്ടുവെന്നിരിക്കട്ടെ. മറുപടിയെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പനു യാതൊരു സംശയവുമില്ല. ''മാറി നില്ലെടീ പൊലയാടി മോളേ, വെയ്‌ലു വിലങ്ങാതെ വഴീന്ന്.''

         നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടിന്റെ ആന്തരാര്‍ത്ഥത്തെക്കുറിച്ച് ഇപ്പന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പറയി പെറ്റ പന്ത്രണ്ടു മക്കളും അവളുടെ മേഖലകളില്‍ അതിപ്രഗല്ഭരായിരുന്നു. ഭ്രാന്തന്‍ തത്ത്വചിന്തകനായിരുന്നു. വലുതെന്നു കരുതി നമ്മള്‍ ചെയ്തുകൂട്ടുന്ന ജീവിതവ്യാപാരങ്ങളുടെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കുകയായിരുന്നു ഭ്രാന്തന്‍ നിതേ്യന. ''അല്ലയോ സൊസൈറ്റി ലേഡികളേ, നിങ്ങള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതും ചുണ്ടേല്‍ ലിപ്സ്റ്റിക്കിടുന്നതും, നഖം ചെത്തിക്കൂര്‍പ്പിച്ചു പോളീഷ് ചെയ്യുന്നതും തലമുടി ബോബുചെയ്യുന്നതും പുട്ടപ്പുചെയ്യുന്നതും, പോമറേനിയന്‍ പട്ടിയുടെ പൂട ചീകി മിനുക്കുന്നതും ഒക്കെ എന്റെ കല്ലുരുട്ടിക്കയറ്റല്‍പോലെ വ്യര്‍ത്ഥമാണ്. ഒരു വ്യത്യാസമുണ്ട്. ഞാന്‍ തലയ്‌ക്കോളം കയറിയിട്ട് കല്ലുരുട്ടി കയറ്റുന്നു. നിങ്ങള്‍ നോര്‍മ്മലായിട്ടും ഇത്തരം വ്യര്‍ത്ഥവ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ട് ഭ്രാന്തനായ ഞാന്‍ എന്റെ കല്ലുരുട്ടു തുടരട്ടെ. നോര്‍മ്മലായ നിങ്ങള്‍ അര്‍ത്ഥവത്തായ കര്‍മ്മങ്ങളിലൂടെ ജീവിതത്തെ സഫലമാക്കി മാറ്റുക.'' 

   ഭ്രാന്തന്റെ കല്ലുരുട്ടുപോലെതന്നെ വ്യര്‍ത്ഥമാണ് എന്റെ പ്രയത്‌നങ്ങളെന്നു പലരും പറഞ്ഞി ട്ടുണ്ട്. അത്തരം അശുഭാപ്തിവിശ്വാസികളാണ് പുരോഗതിയുടെ ഒന്നാമത്തെ വിലങ്ങുതടികള്‍. പലരും ഇപ്പനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാറുണ്ട്. ഇപ്പനിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോയാല്‍ ആളുകള്‍ ഇപ്പന്‍ ഭ്രാന്താണെന്നു പറയുമെന്ന്. പൊന്നേ, റൊബ്ബേഗ്രിയേ പറഞ്ഞതുപോലെ, നിങ്ങളുടെയൊക്കെ മാനസികാരോഗ്യം കണ്ട് ഇപ്പന് മടുത്തു. ഇപ്പനിതാ സമ്മതിരിച്ചിക്കുന്നു. ഇപ്പനു മുഴുത്ത ഭ്രാന്താണ്. വൈക്കം മുഹമ്മദ് ബഷീര്‍കാക്കാ പറഞ്ഞതുപോലെ നല്ല പരമ രസികന്‍ സുന്ദരന്‍ കിറുക്ക്!
സ്‌നേഹപൂര്‍വ്വം ഇപ്പന്‍

No comments:

Post a Comment