Friday 10 February 2012

മറുപടി
ഇപ്പന്‍ ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്നത് ഇപ്പന്റെ മക്കളെയാണ്. ''ഞങ്ങള്‍ രണ്ടു മക്കളില്‍ ആരെയാണ് അപ്പനു കൂടുതല്‍ ഇഷ്ടം?'' കൊസ്രാക്കൊള്ളിക്കാരിയായ മാളൂട്ടി ചോദിക്കും. ''നിങ്ങള്‍ രണ്ടുപേരും എനിക്ക് രണ്ടുകണ്ണുകള്‍പോലെ ഒപ്പം പ്രിയപ്പെട്ടവരത്രേ.'' ''അങ്ങനെയെങ്കില്‍ അതില്‍ വലത്തേക്കണ്ണേത് ഇടത്തേക്കണ്ണേത്?'' അവള്‍ എന്റെ സൈ്വര്യം കെടുത്തി പുറകെ കൂടും. വലതുവശത്തിനാണു കൂടുതല്‍ പ്രാധാന്യമെന്ന് ആശാട്ടിക്കറിയാം. ''അതു പറയാന്‍ എനിക്കിപ്പം മനസ്സില്ല. രണ്ടുപേരും പ്രായപൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സല്‍സ്വഭാവി ആരായിരിക്കുമോ അവളായിരിക്കും എന്റെ വലത്തേക്കണ്ണ്.'' മക്കള്‍ കഴിഞ്ഞാല്‍ എനിക്ക് സ്‌നേഹം എന്റെ ഭാര്യയെ ആണ്. എന്റെ അപ്പനും അമ്മയും മരിച്ചുപോയല്ലോ. അവരുടെ സ്ഥാനത്തു ഞാന്‍ മനസ്സുകൊണ്ടു പ്രതിഷ്ഠിച്ചു സ്‌നേഹിക്കുന്നത് എന്റെ അന്തോനിച്ചായനെയാണ്. കൊച്ചുന്നാളുമുതലേ അങ്ങനെയായിരുന്നെന്നു പറഞ്ഞാല്‍ അതു കളവാകും. എന്റെ അര്‍ത്ഥവത്തായ വികൃതികളെ അദ്ദേഹം കുറേശ്ശെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ അന്നുമുതലായിരുന്നു ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തുതുടങ്ങിയത്. 
ഒട്ടൊരു ഖണ്ഡനത്തിന്റെ ഈണമാണ് അവതാരികയ്ക്കുള്ളത്. അതു നല്ലതാണ്. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലല്ലല്ലോ. ഇപ്പന്റെ പുസ്തകമെന്നപോലെ അന്തോനിച്ചായന്റെ അവതാരികയും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്കു വഴിതെളിച്ചാല്‍ ഇപ്പന്‍ കൃതാര്‍ത്ഥനാകും. അന്തോനിച്ചായന്‍ ഒരു പക്ഷേ, നിഷേധിച്ചാലും ഇപ്പന്‍ ഒരു കാര്യം ഉറപ്പിച്ചു പറയും. അന്തോനിച്ചായന്‍ ഇപ്പനെക്കാള്‍ വലിയ വിപ്ലവകാരിയാണ്. അദ്ദേഹം സഭയുടെ ഉരുക്കുചട്ടക്കൂടിനുള്ളില്‍ ബന്ധിതനാണ്. തൊണ്ണൂറു പിന്നിട്ട വന്ദ്യവയോധികനാണ്. അദ്ദേഹം ഇപ്പനോടു പ്രകടിപ്പിച്ച പരമാവധി കാരുണ്യവും വാത്സല്യവുമാണ് ഈ അവതാരിക. ഇത് അദ്ദേഹത്തില്‍നിന്ന് ഇപ്പനു ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് ഇപ്പന്‍ കരുതുന്നു. ഒരു നോബല്‍ പുരസ്‌കാരംപോലും ഇത്രയും കൃതാര്‍ത്ഥത ഇപ്പനു സമ്മാനിക്കില്ല. അതോടൊപ്പം ഈ അവതാരിക അദ്ദേഹത്തിന്റെ അബോധമനസ്സില്‍ മറഞ്ഞിരിക്കുന്ന വിപ്ലബോധത്തിന്റെ കുതറിച്ചാട്ടവുമാണ്. അവതാരിക വായിച്ചശേഷം ഇപ്പന്‍ അദ്ദേഹത്തോട് അവതാരികയിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അവതാരികയ്ക്കനുബന്ധമായി എഴുതിച്ചേര്‍ത്തുകൊള്ളട്ടെ എന്നു ചോദിച്ചു. ആശയങ്ങളെ ആയുധങ്ങള്‍കൊണ്ടല്ല ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടതെന്ന് നന്നായി അറിയാവുന്ന അദ്ദേഹം അതിന് ആഹ്ലാദപൂര്‍വ്വം അനുവാദം തന്നു. സിംഹത്തിന്റെ ഭാഗം അഭിനയിക്കുമ്പോള്‍ തനിക്കു നഖം വെട്ടാനറിയില്ലെന്നും അമ്മാച്ചന്റെ ആശയങ്ങളെയാണെങ്കിലും തന്റെ സഹജമായ ശൈലിയില്‍ മാത്രമേ ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.

No comments:

Post a Comment