Friday, 10 February 2012

              നമ്മള്‍ സാവകാശമെങ്കിലും വളച്ചുകൊണ്ടു വന്നില്ലെങ്കില്‍ അവര്‍ ഒടിക്കും. തകര്‍ക്കും. തവിടുപൊടിയാക്കും. അവരെ ഭയമുള്ളതുകൊണ്ടാണ് ഇപ്പന്‍ ഇത്രയും ധൃതിയും പരവേശവും കാട്ടുന്നത്. എന്തെങ്കിലുമൊക്കെ ഉടനേ ചെയ്‌തേ മതിയാവൂ.
ഞാന്‍ നടത്തിയ സമരം എനിക്കു പുച്ഛവും പരിഹാസവും മാത്രമാണ് സമ്മാനിച്ചതെന്ന് മേല്‍ സൂചിപ്പിച്ചല്ലോ. പക്ഷേ, ദൈവം എന്നെ ഉദാരമായി അനുഗ്രഹിച്ചു. എന്നെ സംബന്ധിച്ച് ജന്മം തന്നനുഗ്രഹിച്ച ദൈവത്തിനുള്ള കടംവീട്ടലായിരുന്നു പാര്‍ലമെന്റിനു മുമ്പിലെ ഇന്ദുലേഖയുടെ നൃത്തം ചവിട്ടി പ്രതിഷേധം. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ നല്ല കാര്യം അതാണെന്നു ഞാന്‍ കരുതുന്നു. അതൊരു ശിശുദിനനാളിലായിരുന്നല്ലോ. അതിനുശേഷം മൂന്നുവര്‍ഷം കഴിഞ്ഞ് കൃത്യം ഒരു ശിശുദിനത്തില്‍ മാളൂട്ടി ജനിക്കുന്നു. ഇതൊരു യാദൃച്ഛികസംഭവമായി എഴുതിത്തള്ളാന്‍ എനിക്കാവുന്നില്ല. എന്നെ സംബന്ധിച്ച് ഇതൊരത്ഭുതമാണ്. സ്വര്‍ഗ്ഗത്തില്‍നിന്ന് എനിക്ക് ലഭിച്ച ഒരംഗീകാരം. ദൈവത്തിന്റെ സമ്മാനം! ഈ പുസ്തകം രചിക്കാനും പ്രസിദ്ധീകരിക്കാനും എനിക്ക് ഏറ്റവും അധികം ധാര്‍മ്മികപിന്തുണയും പ്രോത്സാഹനവും തന്നത് എട്ടു വയസ്സുകാരിയായ അവളാണെന്ന് പറഞ്ഞാല്‍, വായനക്കാരേ നിങ്ങള്‍ വിശ്വസിക്കുമോ? ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ മാത്രമേ പുള്ളിക്കാരി കഴിക്കൂ. അതില്ലെങ്കില്‍ പട്ടിണി കിടക്കാനും യാതൊരു മടിയുമില്ല. പച്ചക്കറികൂട്ടാന്‍ മഹാമടിയാണ്. സമ്പൂര്‍ണ്ണാഹാരം ലഭിക്കണമെങ്കില്‍ പച്ചക്കറിയും കൂട്ടണമല്ലോ. ഞാന്‍ നിര്‍ബന്ധിക്കും. അപ്പോള്‍ അവള്‍ പറയും. ''അപ്പന്‍ ആ 'നസ്രായനും നാറാണത്തുഭ്രാന്തനും' ഇതുവരെ എഴുതിയത് എടുത്ത ഒരുവട്ടം കൂടി വായിച്ചു കേള്‍പ്പിക്ക്. ഞാന്‍ പച്ചക്കറികൂട്ടി ചോറുണ്ണാം!'' അങ്ങനെ ഇതിലെ ലേഖനങ്ങള്‍ പലതും അവള്‍ പലവട്ടം വായിച്ചു കേട്ടിട്ടുണ്ട്. ഇത്രയുമായപ്പോഴേക്കും വായനക്കാര്‍ വിചാരിക്കുന്നുണ്ടാവും അവള്‍ക്കായിരിക്കും ഞാനീ പുസ്തകം സമര്‍പ്പിക്കാന്‍ പോകുന്നതെന്ന്. നിങ്ങള്‍ക്കു തെറ്റി.

         ഇതൊരു ക്രൂരമായ വാഗ്ദാനലംഘനവും കൂടിയാണ്. മൂന്നു വയസ്സുമുതല്‍ മാളൂട്ടി എന്നോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ''അപ്പന്‍ ചേച്ചിയെക്കുറിച്ച് ഒരു പുസ്തകം എഴുതിയല്ലോ.എന്നെക്കുറിച്ചെന്താ എഴുതാത്തത്? ഇതനീതിയല്ലേ?'' അഴിമതിക്കെതിരെ പ്രതികരിക്കാനാഗ്രഹിക്കുന്ന ഭാരതമാതാവിന്റെ കോടിക്കണക്കിനു കുഞ്ഞുമക്കളുടെ ഒരു പ്രതീകം മാത്രമാണു ചേച്ചിയെന്നും സത്യത്തില്‍ സമരം നടത്തിയത് അപ്പനാണെന്നും അപ്പന്‍ നടത്തിയ സമരത്തിന്റെ കഥയാണപ്പനെഴുതിയതെന്നും ഞാന്‍ പറഞ്ഞുനോക്കി. അവള്‍ക്കതങ്ങോട്ടു ദഹിക്കുന്നില്ല. കുഞ്ഞുമനസ്സിനേറ്റ കുഞ്ഞുനൊമ്പരം പരിഹരിക്കണമല്ലോ. ഞാനതുകൊണ്ട് ഒരു വാഗ്ദാനം അവള്‍ക്കു കൊടുത്തു. ''അപ്പന്‍, ഇനി എന്നെങ്കിലും ഒരു പുസ്തകം എഴുതിയാല്‍ അത് മാളൂട്ടിക്ക് സമര്‍പ്പിച്ചേക്കാം.'' അതേ, ക്രൂരമായ ഒരു വാഗ്ദാനലംഘനം! പക്ഷേ, എന്തുചെയ്യാം? നസ്രായനായ യേശു എന്നോടു പറയുന്നു, നീയിതവള്‍ക്കും അല്ല സമര്‍പ്പിക്കേണ്ടതെന്ന്. ശുദ്ധാത്മാക്കളായ മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും മാര്‍പ്പാപ്പാമാരെയുംവരെ തങ്ങളുടെ ചരടുവലിക്കനുസരിച്ചു ചലിക്കുന്ന പാവകളാക്കി മാറ്റി അണിയറയിലിരുന്നു സഭയുടെ സാമ്പത്തിക ചുക്കാന്‍ പിടിക്കുന്ന വിഷപ്പെരുച്ചാഴികളുടെ ക്രൂരഹസ്തങ്ങളാല്‍ നിഷ്‌കരുണം കൊലചെയ്യപ്പെട്ട ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായ്ക്കു സമര്‍പ്പിച്ചാലൊന്നും ആലോചിക്കാതിരുന്നില്ല. പിന്നെ ആ ദാരുണമരണത്തെക്കുറിച്ച് ഒരു ലേഖനമെഴുതിയാല്‍ മതിയെന്നു വെച്ചു.

             വായനക്കാരേ, ഒരപൂര്‍വ്വവ്യക്തിത്വത്തെ ഞാന്‍ നിങ്ങള്‍ക്കിതാ പരിചയപ്പെടുത്തുന്നു. ഒരു വൃദ്ധതാപസ്സനാണദ്ദേഹം. തൊണ്ണൂറു വയസ്സായി. അസാധാരണമായ ഒരു തേജസ്സും ചൈതന്യവും ആ മുഖത്തു കളിയാടുന്നുണ്ട്. ഒരു പുരുഷായുസ്സുകൊണ്ടദ്ദേഹം നേടിയെടുത്ത ആത്മീയസമ്പത്തിന്റെ തിളക്കമാണതെന്ന് ഇപ്പന്‍ കരുതുന്നു. താന്‍ വളരെ കണിശമായ കൃത്യനിഷ്ഠയോടെ പ്രൂണ്‍ ചെയ്തു സൂക്ഷിക്കുന്ന മനോഹരമായ ഒരു താടിയുണ്ടദ്ദേഹത്തിന്. ഒരു ഗബ്രിയേല്‍ ബ്രദറാണദ്ദേഹം. പുറത്തിറങ്ങിയാല്‍ ളോഹ ധരിക്കും. അകത്ത് താന്‍തന്നെ ഡിസൈന്‍ ചെയ്ത ഒരു ലളിത വേഷമാണ്. ആ വേഷം ധരിച്ചിരിക്കുന്ന അദ്ദേഹത്തെ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ ഇപ്പനു വളരെ കൗതുകമാണ്. ഇപ്പന്റെ അമ്മയുടെ ആങ്ങളയാണദ്ദേഹം. അന്തോനിച്ചായന്‍. ജീവിതം യുദ്ധമാണെന്നിപ്പന്റെ ചെവിയില്‍ ആദ്യം ഓതിത്തന്ന ചാണക്യന്‍. ഇപ്പനെ ഇത്ര കണ്ടു 'വഷളാ'ക്കിയതില്‍ ഈ മനുഷ്യനുള്ള പങ്കു ചില്ലറയല്ല. ഇപ്പന്റെ കൊച്ചുന്നാളില്‍ ഇദ്ദേഹം വല്ലപ്പോഴും വീട്ടില്‍വരും. അപ്പോഴൊക്കെ കെട്ടിപ്പിടിച്ച് കവിളില്‍ താടി ഉരുമ്മിച്ച് ഇപ്പന് ഉമ്മതരും. ഇപ്പനും തോന്നി അച്ചനാകണമെന്ന്. അപ്പന്റെ അടുത്തുചെന്നു കാര്യം പറഞ്ഞു. അപ്പനന്ന് ഇപ്പന്റെ ഒരു ചേട്ടന്‍ അച്ചനാകാന്‍ പോയി തിരിച്ചുവന്നതിന്റെ ചമ്മലിലാണ്. അപ്പന്‍ തീര്‍ത്തു പറഞ്ഞു. 'എവിടെ വേണമെങ്കിലും പൊയ്‌ക്കോ, ഇരുപത്തൊന്നു വയസ്സു പൂര്‍ത്തിയായതിനുശേഷം.' അതു നന്നായെന്നു പറയാതിരിക്കാന്‍ വയ്യ. ഇപ്പന്‍ അച്ചനാകാന്‍ പോയിരുന്നെങ്കില്‍ ഒന്നുകില്‍ ളോഹയിട്ടുകൊണ്ടു പെണ്ണുകെട്ടുമായിരുന്നു. സമ്മതിച്ചില്ലെങ്കില്‍ ളോഹയൂരിയിട്ടു പെണ്ണു കെട്ടുമായിരുന്നു. എന്തായാലും ഒരു പെണ്ണില്ലാതെ ഇപ്പനു വയ്യ

No comments:

Post a Comment