Friday, 10 February 2012

മറുപടി
ഇപ്പന്‍ ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്നത് ഇപ്പന്റെ മക്കളെയാണ്. ''ഞങ്ങള്‍ രണ്ടു മക്കളില്‍ ആരെയാണ് അപ്പനു കൂടുതല്‍ ഇഷ്ടം?'' കൊസ്രാക്കൊള്ളിക്കാരിയായ മാളൂട്ടി ചോദിക്കും. ''നിങ്ങള്‍ രണ്ടുപേരും എനിക്ക് രണ്ടുകണ്ണുകള്‍പോലെ ഒപ്പം പ്രിയപ്പെട്ടവരത്രേ.'' ''അങ്ങനെയെങ്കില്‍ അതില്‍ വലത്തേക്കണ്ണേത് ഇടത്തേക്കണ്ണേത്?'' അവള്‍ എന്റെ സൈ്വര്യം കെടുത്തി പുറകെ കൂടും. വലതുവശത്തിനാണു കൂടുതല്‍ പ്രാധാന്യമെന്ന് ആശാട്ടിക്കറിയാം. ''അതു പറയാന്‍ എനിക്കിപ്പം മനസ്സില്ല. രണ്ടുപേരും പ്രായപൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സല്‍സ്വഭാവി ആരായിരിക്കുമോ അവളായിരിക്കും എന്റെ വലത്തേക്കണ്ണ്.'' മക്കള്‍ കഴിഞ്ഞാല്‍ എനിക്ക് സ്‌നേഹം എന്റെ ഭാര്യയെ ആണ്. എന്റെ അപ്പനും അമ്മയും മരിച്ചുപോയല്ലോ. അവരുടെ സ്ഥാനത്തു ഞാന്‍ മനസ്സുകൊണ്ടു പ്രതിഷ്ഠിച്ചു സ്‌നേഹിക്കുന്നത് എന്റെ അന്തോനിച്ചായനെയാണ്. കൊച്ചുന്നാളുമുതലേ അങ്ങനെയായിരുന്നെന്നു പറഞ്ഞാല്‍ അതു കളവാകും. എന്റെ അര്‍ത്ഥവത്തായ വികൃതികളെ അദ്ദേഹം കുറേശ്ശെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ അന്നുമുതലായിരുന്നു ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തുതുടങ്ങിയത്. 
ഒട്ടൊരു ഖണ്ഡനത്തിന്റെ ഈണമാണ് അവതാരികയ്ക്കുള്ളത്. അതു നല്ലതാണ്. സത്യങ്ങളുടെയെല്ലാം അവസാനത്തെ പൂട്ട് ഇപ്പന്റെ കൈയിലല്ലല്ലോ. ഇപ്പന്റെ പുസ്തകമെന്നപോലെ അന്തോനിച്ചായന്റെ അവതാരികയും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്കു വഴിതെളിച്ചാല്‍ ഇപ്പന്‍ കൃതാര്‍ത്ഥനാകും. അന്തോനിച്ചായന്‍ ഒരു പക്ഷേ, നിഷേധിച്ചാലും ഇപ്പന്‍ ഒരു കാര്യം ഉറപ്പിച്ചു പറയും. അന്തോനിച്ചായന്‍ ഇപ്പനെക്കാള്‍ വലിയ വിപ്ലവകാരിയാണ്. അദ്ദേഹം സഭയുടെ ഉരുക്കുചട്ടക്കൂടിനുള്ളില്‍ ബന്ധിതനാണ്. തൊണ്ണൂറു പിന്നിട്ട വന്ദ്യവയോധികനാണ്. അദ്ദേഹം ഇപ്പനോടു പ്രകടിപ്പിച്ച പരമാവധി കാരുണ്യവും വാത്സല്യവുമാണ് ഈ അവതാരിക. ഇത് അദ്ദേഹത്തില്‍നിന്ന് ഇപ്പനു ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് ഇപ്പന്‍ കരുതുന്നു. ഒരു നോബല്‍ പുരസ്‌കാരംപോലും ഇത്രയും കൃതാര്‍ത്ഥത ഇപ്പനു സമ്മാനിക്കില്ല. അതോടൊപ്പം ഈ അവതാരിക അദ്ദേഹത്തിന്റെ അബോധമനസ്സില്‍ മറഞ്ഞിരിക്കുന്ന വിപ്ലബോധത്തിന്റെ കുതറിച്ചാട്ടവുമാണ്. അവതാരിക വായിച്ചശേഷം ഇപ്പന്‍ അദ്ദേഹത്തോട് അവതാരികയിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അവതാരികയ്ക്കനുബന്ധമായി എഴുതിച്ചേര്‍ത്തുകൊള്ളട്ടെ എന്നു ചോദിച്ചു. ആശയങ്ങളെ ആയുധങ്ങള്‍കൊണ്ടല്ല ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടതെന്ന് നന്നായി അറിയാവുന്ന അദ്ദേഹം അതിന് ആഹ്ലാദപൂര്‍വ്വം അനുവാദം തന്നു. സിംഹത്തിന്റെ ഭാഗം അഭിനയിക്കുമ്പോള്‍ തനിക്കു നഖം വെട്ടാനറിയില്ലെന്നും അമ്മാച്ചന്റെ ആശയങ്ങളെയാണെങ്കിലും തന്റെ സഹജമായ ശൈലിയില്‍ മാത്രമേ ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.

Thursday, 9 February 2012

നസ്രായനും നാറാണത്തുഭ്രാന്തനും ഇപ്പന്‍ (ഇന്ദുലേഖയുടെ അപ്പന്‍)


രണ്ടാം പതിപ്പിന്റെ അവതാരിക
നസ്രായനും നാറാണത്തുഭ്രാന്തനും എന്ന ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് ഞാന്‍ സശ്രദ്ധം വായിക്കുകയുണ്ടായി. ഈ പുസ്തകം എനിക്കു സമര്‍പ്പിക്കുന്നതിനുമുമ്പ് ഗ്രന്ഥകാരന്‍ ഞാനുമായി ആലോചിക്കുകയുണ്ടായില്ല. എങ്കിലും അവന്റെ സ്‌നേഹത്തെ ഞാന്‍ സര്‍വ്വാത്മനാ സ്വീകരിക്കുന്നു. ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ചില ആശയങ്ങളോടു ഞാന്‍ യോജിക്കുന്നു. പല ആശയങ്ങളോടും വിയോജിക്കുന്നു. ആത്മാര്‍ത്ഥമായ വിമര്‍ശനം സഭയെ ശക്തിപ്പെടുത്തുമെന്നു ഞാന്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു. യേശുക്രിസ്തുതന്നെ താന്‍ ജീവിച്ചിരുന്ന കാലത്ത് യഹൂദ പുരോഹിതന്മാരെയും നിയമജ്ഞന്മാരെയും നിശിതമായി വിമര്‍ശിച്ചിരുന്നു. (മത്തായി-അദ്ധ്യായം 23). വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ മാര്‍പ്പാപ്പായുടെ തെറ്റ് പരസ്യമായി ചൂണ്ടിക്കാണിച്ചു. പുറജാതിക്കാരുടെ കൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പത്രോസ് ഒരു വിഭാഗത്തിന് അസംതൃപ്തി ഉണ്ടാക്കാതിരിക്കാന്‍ അവര്‍ വരുന്നതുകണ്ട് എഴുന്നേറ്റുമാറി. വിശുദ്ധ പത്രോസ് വിശുദ്ധ പൗലോസിന്റെ വിമര്‍ശനത്തോടു വിയോജിച്ചില്ല.
ഇപ്പന്റെ ആരോപണങ്ങള്‍ക്കു പലതിനും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ല. ഉദാഹരണത്തിന്, ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം തന്നെ. മറ്റൊരിടത്ത് ഇപ്പന്‍ എഴുതുന്നു: രക്ഷപ്പെടാന്‍ സഭ ആഗ്രഹിക്കുന്നെങ്കില്‍ സഭ സഭയ്ക്കുള്ള അവിഹിതസമ്പത്തെല്ലാം വിറ്റ് ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി ചെലവഴിക്കട്ടെ. ഇതു വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത് പൊന്‍മുട്ടയിടുന്ന താറാവിന്റെ കഥയാണ്. കത്തോലിക്കാസഭ ഇപ്പന്‍ പറയുന്ന പണത്തില്‍നിന്ന് ഒരു ഭീമമായ തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. 
എന്തായാലും എന്റെ അനന്തരവനായ ഇപ്പന് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റായ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണെന്റെ ബോദ്ധ്യം. ഇപ്പന്റെ ലക്ഷ്യത്തിനനുസരിച്ചുള്ള സദ്ഫലങ്ങള്‍ ഈ പുസ്തകത്തിന്റെ പ്രചാരത്തില്‍നിന്നുണ്ടാവട്ടെ എന്ന് ഞാന്‍ വിപ്ലവകാരിയായ ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുന്നു. 
സ്‌നേഹപൂര്‍വ്വം
KALAK